
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള കാന്‍സര്‍ രോഗ വിദഗ്ദരുടെ സമ്മേളനം 2026 സംബന്ധിച്ച് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. വി ലൂയിസ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു. ഡോ. വരുണ്‍ രാജന്, ഡോ. ശ്യാം വിക്രം സമീപം
കൊച്ചി: വര്‍ധിച്ചു വരുന്ന കാന്‍സര്‍ രോഗത്തിനെതിരെ അവബോധം വളര്‍ത്തുന്നതിനും അത്യാധുനിക കാന്‍സര്‍ ചികില്‍സാരീതികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തില്‍ മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ എറണാകുളം ക്രൗണ്‍ പ്ലാസയില്‍ വെച്ച് ആഗോള കാന്‍സര്‍ രോഗ വിദഗ്ദരുടെ സമ്മേളനം 2026 സംഘടിപ്പിക്കുമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. വി ലൂയിസ്, ഡോ. ശ്യാം വിക്രം, ഡോ. വരുണ്‍ രാജന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. ഒരു ലക്ഷം പേരില്‍ 170 പേര് കാന്‍സര്‍ ബാധിതരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വര്‍ഷത്തില്‍ ഏകദേശം 85,000 നും 90,000 നുമിടയില്‍ പുതിയ കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് കാന്‍സറിനെതിരെ അവബോധം കൂടുതല്‍ ശക്തമാക്കുന്നതിനായി ആഗോള സമ്മേളനം സംഘടിപ്പിക്കുന്നതെന്നും ഡോ. പി. വി ലൂയിസ് പറഞ്ഞു.
കാന്‍സര്‍ ചികില്‍സയില്‍ പുതിയ നയരൂപീകരണം എങ്ങനെ സാധ്യമാക്കാം എന്നതും സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്. സമ്മേളനത്തില്‍ രൂപപ്പെടുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. കാന്‍സര്‍ ചികില്‍സയിലെ വിവിധ മേഖലകള്‍ സംബന്ധിച്ച് വിദഗ്ദര്‍ നയിക്കന്ന സെമിനാറുകള്‍, ക്രോസ് റോഡ്സ് എന്ന പേരില്‍ കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ആരോഗ്യവിദഗ്ധര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സംവാദം എന്നിവയും സമ്മിറ്റിന്റെ ഭാഗമായി നടക്കും. കാന്‍സര്‍ ചികില്‍സയിലും ട്രാന്‍സ്പ്ലാന്റ് വലിയ ഘടകമായി വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സ്പ്ലാന്റ് ഓങ്കോളജി എന്ന പ്രത്യേക സെക്ഷനും സമ്മേളനത്തില്‍ ഉണ്ടാകും. വിദേശ രാജ്യങ്ങളിലെ കാന്‍സര്‍ ചികില്‍സയിലെ നിലവാരം എങ്ങനെ ഇവിടെ സാധ്യമാക്കാം എന്നത് സംബന്ധിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.
കാന്‍സര്‍ ചികില്‍സയില്‍ ലോകോത്തര വിദഗ്ധരായ മയോ ക്ലിനിക്, ക്ലേവ് ലാന്റ് ക്ലിനിക്, നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് യു.കെ എന്നിവടങ്ങളില്‍ നിന്നുള്‍പ്പെടെ മിഡില്‍ ഈസ്റ്റ്, ഒമാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 150 ഓളം കാന്‍സര്‍ ചികില്‍സാ വിദഗ്ധരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം പ്രതിനിധികളും ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. മെയ് 02, ശനിയാഴ്ച രാവിലെ ഒമ്പതിന് കാന്‍സറിനെതിരെ ആധുനിക ചികില്‍സാ രംഗം നേരിടുന്ന വെല്ലുവിളികളെ മറികടക്കല്‍ എന്ന പ്രമേയത്തെ ആസ്പദമാക്കി വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സെമിനാറോടെ സമ്മേളനത്തിന് തുടക്കമാകും. ക്രോസ് റോഡ്സ് എന്ന പേരില്‍ വൈകിട്ട് ആറിന് മാധ്യമ പ്രവര്ത്തകന് ജോണി ലൂക്കോസ്, ഹൈബി ഈ ഡന് എം.പി, ചലച്ചിത്രതാരം അമല പോള്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന് ബാലസുബ്രമഹ്ണ്യന്‍, തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. രജനിഷ് കുമാര്‍, കോഴിക്കോട് എം.വി.ആര് കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന് കുട്ടി വാര്യര്‍, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ കാന്‍സര്‍ രോഗ വിദഗ്ദന് ഡോ. വരുണ്‍ രാജന് എന്നിവര്‍ പങ്കെടുക്കുന്ന സംവാദം നടക്കും.
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസിന്റെ അധ്യക്ഷതയില്‍ വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഡോ. ജെയിം അബ്രാഹം, ഹൈബി ഈഡന് എം.പി, ഡോ. പി.വി തോമസ് ഡോ. ശ്യാം വിക്രം, ഡോ. വരുണ്‍ രാജന് തുടങ്ങിയവര്‍ സംസാരിക്കും. മെയ് 03,ഞാറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സമ്മേളനം അവസാനിക്കും. കാന്‍സറിനെതിരെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പുതിയ സമ്പൂര്‍ണ കാന്‍സര്‍ ചികില്‍സാ കേന്ദ്രം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് കാന്‍സര്‍ സമ്മേളനം നടത്തുന്നത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി സൗത്ത് ബ്ലോക്കിന് എതിര്‍വശത്തായി ആരംഭിക്കുന്ന കാന്‍സര്‍ ചികില്‍സാ കേന്ദ്രം സെപ്തംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. അത്യാധുനിക ചികില്‍സാ സംവിധാനങ്ങളോടെ ആരംഭിക്കുന്ന കേന്ദ്രത്തില്‍ ഇന്റര്‍നാഷണല്‍ ട്യൂമര്‍ ബോര്‍ഡ് സംവിധാനവും ഉണ്ടായിരിക്കും.
Photo Courtesy - Google










